Header Ads

കലാ-സാഹിത്യ-സാംസ്കാരിക തീരം.

സോപാനകുലപതി @ എം.എസ്.വിനോദ്.

സോപാനകുലപതി
ഞെരളത്ത് രാമപ്പൊതുവാള്‍.
എം.എസ്.വിനോദ്. 
രഞ്ജിത്ത് തിരക്കഥ എഴുതി ഐ.വി.ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന സിനിമയില്‍ പെരിങ്ങോടര്‍ എന്ന കഥാപാത്രത്തെ ഓര്‍മ്മയുണ്ടോ.ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി സംഗീതസംവിധായകൻ എം.ജി.രാധാകൃഷ്ണന്‍ ഒരു കീര്‍ത്തനം ആലപിച്ചിട്ടുണ്ട് ഈ സിനിമയില്‍."വന്ദേ മുകുന്ദ ഹരേ.....''എന്ന കീര്‍ത്തനവും ആ രംഗവും നിങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാകും. 
മുണ്ടയ്ക്കല്‍ ശേഖരന്‍റെ അടികൊണ്ട് മൃതപ്രായനായി  കിടക്കുന്ന മംഗലശ്ശേരി നീലകണ്ഠനെ കാണാന്‍ നാവാമുകുന്ദന് കൊടുത്ത നിവേദ്യത്തിന്റെ ബാക്കിയുമായി വന്ന് ഇടയ്ക്ക കൊട്ടി അത് വിളമ്പി ഇരുട്ടിലേക്ക് മറയുന്ന പെരുങ്ങോടര്‍ എന്ന കഥാപാത്രം സിനിമകണ്ടിട്ടുള്ള ആരും മറക്കില്ല.ആ കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ തിരക്കഥാകൃത്തായ രഞ്ജിത്തിന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രം പ്രശസ്ത സോപാനസംഗീത കലാകാരനായ ഞെരളത്ത് രാമപ്പൊതുവാളിന്‍റെയായിരുന്നു എന്ന് പറയപ്പെടുന്നു.പെരുങ്ങോടരെപ്പറ്റി മംഗലശ്ശേരി നീലകണ്ഠന്‍ പറയുന്ന ഒരു ഡയലോഗുണ്ട് സിനിമയില്‍.
''ഹൃദയം നിറയെ സ്നേഹം മാത്രം കൊണ്ടുനടക്കുന്ന താന്തോന്നി.....''.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രാമപ്പൊതുവാളിനെപ്പറ്റി മനസിലാക്കുമ്പോള്‍ നമുക്കും അങ്ങനെ തോന്നാം.സ്നേഹം ഒരു സംഗീതമായി, അല്ലെങ്കില്‍ സോപാനമന്ത്രമായി മനസ്സില്‍ കൊണ്ടുനടന്ന ഒരു കലാകാരനാണ് അദ്ദേഹം.യഥാര്‍ത്ഥ കലാകാരന്‍ അല്ലെങ്കിലും ഒരു താന്തോന്നി ആണല്ലോ. സോപാനസംഗീതത്തിന്‍റെ കുലപതിയെന്നോ ചക്രവര്‍ത്തിയെന്നോ,അങ്ങനെ തോന്നുന്ന പേരെല്ലാം കൊടുത്ത് വിശേഷിപ്പിക്കാന്‍
എന്നും അര്‍ഹതയുള്ള ആളാണ് ഞെരളത്ത് രാമപ്പൊതുവാള്‍.
പാലക്കാട് ജില്ലയിലെ ഒരു പഴയ ഗ്രാമമാണ് നളപുരം. പറഞ്ഞും പാടിയും ആ നളപുരം പിന്നീട് ചുരുങ്ങി ഞെറളം എന്നായി മാറി. മണ്ണാര്‍ക്കാട്ട് നിന്നും അലനല്ലൂര്‍ പോകുന്ന വഴി തിരുവിഴാംകുന്നിനടുത്തുള്ള ഈ ഗ്രാമത്തിലെ ശ്രീരാമക്ഷേത്രത്തില്‍ കൊട്ടിപ്പാട്ട് മുടങ്ങാതെ തുടരാന്‍ ഒരു പൊതുവാള്‍ കുടുംബം നടത്തിയ നിരന്തരപ്രാര്‍ത്ഥനയുടെ ഫലമായി ജനിച്ച കുട്ടിയാണ് രാമന്‍ എന്നാണ് വിശ്വസം. ജനിച്ചത് പാലക്കാട് ആണെങ്കിലും അദ്ദേഹം മലപ്പുറത്തിനും അവകാശപ്പെട്ടതാണ്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറമാണ് രാമന്‍റെ അച്ഛന്‍ വീട്.

അമ്മതന്നെയായിരുന്നു ആദ്യത്തെ ഗുരു. അമ്മയില്‍ നിന്നും പഠിച്ച
ചില്ലറസംഗീതവുമായി ഞെറളം ശ്രീരാമസ്വാമിക്ഷേത്രത്തില്‍
വല്യമ്മാവന്‍ കരുണാകരപ്പൊതുവാളിന് ഒപ്പം സോപാനത്തിന് കൈത്താളമിട്ട് പാടിയ ഒന്‍പത് വയസ്സുകാരന്‍ രാമന്‍റെ 'ശാരീരം' കേട്ടുനിന്ന വലിയ തിരുമേനി പറഞ്ഞത്രേ
''ഇവന്റെ കയ്യില്‍ ചില്ലറയല്ല, ചിലതൊക്കെ ഉണ്ട്......''
ആ സര്‍ട്ടിഫിക്കറ്റുമായി കൊച്ചുരാമന്‍ ചെന്നുകയറിയത് കര്‍ണ്ണാടകസംഗീത ത്തിലെ ഹിമാലയമായ സാക്ഷാല്‍
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മുന്നില്‍. ചെമ്പൈയുടെ പ്രിയ ശിഷ്യരില്‍ പ്രധാന പട്ടികയില്‍ ഇടം നേടിയ രാമന്‍ പിന്നീട് ഞെരളത്ത് രാമപ്പൊതുവാള്‍ എന്ന പേരില്‍ വളര്‍ന്നതും സോപാനസംഗീതത്തിന്‍റെ കൊടുമുടി കയറിയതും നമ്മള്‍ കണ്ടു.
കണ്ണില്‍ കണ്ട കലാകാരന്മാരും കേട്ടറിഞ്ഞ സാഹിത്യകാരും
ഞെരളത്ത് രാമപ്പൊതുവാളിന്‍റെ ആരാധകരായി. ആ കൂട്ടത്തില്‍
മഹാകവിപി.കുഞ്ഞിരാമന്‍നായര്‍,
ഒളപ്പമണ്ണ,അയ്യപ്പപ്പണിക്കര്‍,
കാവാലം നാരായണപ്പണിക്കര്‍, പി.ഭാസ്കരന്‍,ബഷീര്‍, എം.ടി.വാസുദേവന്‍ നായര്‍, എന്തിന് പറയുന്നു സിനിമക്കാര്‍ അരവിന്ദന്‍, നെടുമുടിവേണു തുടങ്ങി, പച്ചയായ
ആധുനികന്‍ എന്ന് നമ്മള്‍ പ്രഖ്യാപിച്ച ജോണ്‍ എബ്രഹാം വരെ ഉണ്ട്. അങ്ങനെ പലരുടേയും നിര്‍ബന്ധം കാരണം സിനിമയിലും അഭിനയിച്ചു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ ആല്‍ത്തറയിലിരുന്ന് നെടുമുടി വേണു ഒരു സോപാന സംഗീതജ്ഞന്റ ശിഷ്യനായി മാറുന്ന അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയാണ് അതിലൊന്ന്. നെടുമുടിയുടെ തന്നെ ആദ്യ സിനിമ. പിന്നെ അഷ്ടമിരോഹിണി എന്ന സിനിമയില്‍ പാടി അഭിനയിച്ചു. ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാന്‍
എന്ന സിനിമയിലും വേഷം ചെയ്തു.

പെരുമ്പടവം ശ്രീധരന്‍റെ അഷ്ടപദി എന്ന പ്രശസ്ത നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രധാന വേഷം ചെയ്യാന്‍ രാമപ്പൊതുവാളിനെ സമീപിച്ചു. മറ്റൊരു സ്ത്രീയെ ഭാര്യയായി സങ്കല്‍പ്പിച്ച് അഭിനയിക്കാന്‍ വയ്യ എന്ന കാരണം പറഞ്ഞ് പിന്‍മാറിയപ്പോള്‍ പകരം ആ വേഷം ചെയ്തത് ഭരത് ഗോപിയാണ്.
കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും നേടിയിട്ടുണ്ട് ഈ പ്രതിഭ.
എന്താണ് രാമപ്പൊതുവാളിനെ താന്തോന്നിയായ കലാകാരന്‍ എന്ന്
വിശേഷിപ്പിച്ചത് എന്ന് ചിന്തിക്കുന്നുണ്ടാകും നിങ്ങള്‍. ഈ സോപാന സംഗീതം എന്നത് കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഒരു കലാരൂപം മാത്രമായിരുന്നു. ക്ഷേത്രങ്ങളിലെ നടയടച്ചുതുറക്കലിന് അവതരിപ്പിക്കുന്ന സോപാനസംഗീതത്തെ അതിന്‍റെ പരമ്പരാഗത രീതികളില്‍ നിന്നും മാറ്റി പുറത്തെ ജനകീയ സദസ്സുകളില്‍ എത്തിച്ച കലാകാരനാണ് രാമപ്പൊതുവാള്‍.
ജനഹിതസോപാനം എന്ന ഒരു പുതിയ രൂപം നിര്‍മ്മിച്ചെടുക്കുകയും
ക്ഷേത്രത്തിന്‍റെ സോപാനപടവുകളില്‍ നിന്നും ആ സംഗീതത്തെ
പുറത്തുകൊണ്ടുവന്ന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും അത് ആസ്വദിക്കാനുള്ള അവസരമുണ്ടാക്കുകയും ചെയ്തു പൊതുവാള്‍.
തികച്ചും കേരളീയമായ ഒരു സംഗീതശാഖയാണ് സോപാനസംഗീതം എന്ന് പറയാമെങ്കിലും അതിനായി ഉപയോഗിക്കുന്ന കീര്‍ത്തനങ്ങള്‍ ജയദേവകവിയുടെ ഗീതഗോവിന്ദത്തില്‍ നിന്നോ, മലയാളവും സംസ്കൃതവും തമിഴും
ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ നിന്നോ കണ്ടെത്തുന്നവയാണ്.
കര്‍ണ്ണാടകസംഗീതം കേരളത്തില്‍ പ്രചരിക്കുന്നതിന് മുമ്പ് സോപാനസംഗീതം ഇവിടെ പ്രചാരത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് പരിഷ്ക്കരിച്ചതില്‍ കര്‍ണ്ണാടകസംഗീതത്തിനും മുഖ്യമായ പങ്കുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രിയപ്പെട്ട ശിഷ്യനായി മാറിയ രാമപ്പൊതുവാള്‍ സോപാനസംഗീതത്തെ കര്‍ണ്ണാടകസംഗീതവുമായി കൂടുതല്‍ കലര്‍ത്തി പുതിയ സമ്പ്രദായത്തിലെ ഭജനയുടെ രൂപത്തില്‍ അവതരിപ്പിച്ചു. ഇടയ്ക്ക എന്ന ഒറ്റ വാദ്യോപകരണത്തിന്‍റെ സഹായത്തോടെ ക്ഷേത്ര മൂര്‍ത്തികളുടെ ഇടതുവശം നിന്ന് വാദ്യക്കാരന്‍ തന്നെ ആലപിക്കുന്ന സോപാനസംഗീതം ഇപ്പോള്‍ വേദികളില്‍ നിന്നും വേദികളിലേക്ക് മാറി ജാതിമതഭേദമില്ലാതെ ആബാലവൃദ്ധം ജനങ്ങളെയും ആകര്‍ഷിക്കുകയും ആസ്വദിപ്പിക്കുക യും ചെയ്യുന്നുവെങ്കില്‍ അതിന് കാരണക്കാരന്‍ രാമപ്പൊതുവാള്‍ മാത്രമാണ്. ക്ഷേത്രങ്ങളിലെ കൊട്ടിപ്പാടിസേവയെ വ്യക്തമായ ഘടനയുള്ള ജനകീയസംഗീതമാക്കി ഈ താന്തോന്നി മാറ്റിയെടുത്തു എന്നതാണ്
സത്യം.
ഒരിയ്ക്കലും ഒരാള്‍ക്കും അനുകരിക്കാന്‍ കഴിയാത്ത വിധം ആഴമുള്ള ആലാപനരീതിയായിരുന്നു രാമപ്പൊതുവാളിന്റ്റെ. പാട്ടിലും ഇടയ്ക്കയിലും മാത്രമല്ല തായമ്പകയിലും ബഹുമിടുക്കന്‍.
ഒരിടത്തും ഒന്നിലും ഒതുങ്ങിക്കൂടി നില്‍ക്കുന്ന പ്രകൃതം രാമപ്പൊതുവാളിന് ഉണ്ടായിരുന്നില്ല. കാവാലത്തോടൊപ്പം നാടകം പഠിപ്പിക്കാനും കലാമണ്ഡലത്തിലെ കഥകളിക്കളരി യിലും പെട്ടന്ന് ഒരു ദിവസം ഉല്‍സവപ്പറമ്പിലെ ഗാനമേള വേദിയിലും
ഒക്കെ സജ്ജീവമായി ഉണ്ടാകും. ക്ഷേത്ര തന്ത്രിമാരോടൊപ്പം നാടുചുറ്റലാണ് പ്രധാന വിനോദം.
സോപാന സംഗീതത്തെ വിശ്വാസത്തിന്റെ മതില്‍ക്കെട്ടിനു പുറത്ത് ജനകീയമാക്കിയതില്‍ പ്രധാനിയാണ് രാമപ്പൊതുവാള്‍.ഈ ജനകീയതയാണ് ഇന്നും ഈ തനത് കേരളീയസംഗീതശാഖയെ നിലനിര്‍ത്തുന്നതും ലോകശ്രദ്ധയില്‍ എത്തിച്ചതും.
രാമപ്പൊതുവാളിന്റെ സ്മരണ നിലനിര്‍ത്താനും സോപാന സംഗീതത്തെ സംരക്ഷിക്കാനുമായി രാമപ്പൊതുവാളിന്റെ മകനും
അറിയപ്പെടുന്ന ഒരു സോപാനസംഗീതജ്ഞനുമായ
ഞെരളത്ത് ഹരിഗോവിന്ദൻ അങ്ങാടിപ്പുറത്ത്‌ 'ഞെരളത്ത് കലാശ്രമം' എന്ന ഒരു കലാകേന്ദ്രം ആരംഭിച്ചിട്ടുണ്ട് .ലോകത്ത് തന്നെ ആദ്യമായി ഒരു സംഗീതഉപകരണം പ്രതിഷ്ഠയായുള്ള ക്ഷേത്രം കലാശ്രമത്തിലാണെന്ന് തോന്നുന്നു. ഞെരളത്തിന്റെ ഇടയ്ക്കയാണ് ഇവിടെ പ്രതിഷ്ഠ .
ഞെരളത്തിന്റെ ആത്മകഥ സോപാനം എന്ന പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. മങ്കട രവിവർമ്മ ഞെരളത്തിനെക്കുറിച്ച് ഒരു ഹ്രസ്വചിത്രവും നിർമ്മിച്ചിട്ടുണ്ട്.
ഇന്നത്തെ ദിവസം ഞെരളത്ത് രാമപ്പൊതുവാളിന്‍റെ ഓര്‍മ്മദിവസമാണ്.1996 ആഗസ്റ്റ് 13ന് അദ്ദേഹം ഇടയ്ക്കയില്‍ നിന്ന്
നാദം നിര്‍ത്തി യാത്രയാകുമ്പോള്‍ എണ്‍പത് വയസുണ്ടായിരുന്നു.
ഈ പ്രതിഭയുടെ ഓര്‍മ്മകളില്‍ മുഖക്കുറി പ്രണാമം അര്‍പ്പിക്കുന്നു.

4 അഭിപ്രായങ്ങൾ

Beena Thampan പറഞ്ഞു...

നല്ല വായനയിലൂടെ....
സന്തോഷം സാർ

m.s.vinod പറഞ്ഞു...

സന്തോഷം....സ്നേഹം ബീന...

m.s.vinod പറഞ്ഞു...

സന്തോഷം....സ്നേഹം ബീന...

മിനി ഉണ്ണികൃഷ്ണൻ പറഞ്ഞു...

പരന്ന വായനയ്ക്കും അറിവിനും നമസ്കാരം സർ ആശംസകൾ