Ticker

6/recent/ticker-posts

കാവ്യമുദ്രകള്‍@ ജോസഫ് കാവ്യസാന്ദ്രം.


കവിത

സംഗമം
By
ഓമന.എന്‍.സി.

ആസ്വാദനം
ജോസഫ് കാവ്യസാന്ദ്രം.


സംഗമം എന്താണെന്നതിനപ്പുറം എങ്ങനെയായിരിക്കണം എന്ന് ചമത്കാരങ്ങളില്ലാതെ പറയുന്ന കുഞ്ഞുകവിതയാണ് 'നീലാംബരീയം കവിതരചനാമത്സരത്തിൽ' മൂന്നാം സ്ഥാനത്തെത്തിയ ശ്രീമതി എൻ. സി. ഓമനയുടെ 'സംഗമം'.
സുഖാനുഭൂതികൾ പലപ്പോഴും നൈമിഷികങ്ങളാണ്. പക്ഷേ അവ പകരുന്ന സായൂജ്യം, അവസാനമായി മിഴിയടയുവോളം നിറംമങ്ങാതെ നിലനില്ക്കും.
ജീവനെ 'സചേതനമാക്കുന്ന ' ഊർജസ്രോതസ്സായി പരിണമിക്കുന്ന ആ സംഗമം ഏതാണ്? അത് ഹൃദയങ്ങളുടേതാവാം, കരളുകളുടേയും കരൾത്തുടിപ്പുകളുടേതുമാവാം. പരസ്പരം കൊതിക്കുന്ന മാനസങ്ങളുടേതാവാം. വിജാതീയധ്രുവങ്ങളുടെ ക്ഷണഭംഗുരമല്ലാത്തവയുമാവാം. കവയിത്രി വ്യക്തമാക്കാൻ മുതിരാത്ത ആ അന്യൂനസംഗമങ്ങൾ എന്തുതന്നെയാണെങ്കിലും അവ പകരുന്ന സ്വർഗീയാനന്ദം നമുക്ക് നുകരാം. സുതാര്യമായ തിരസ്കരണികൾ നീക്കി നമുക്കാ സംഗമതടങ്ങളിൽ പോകാം. അവയുടെ ഹരിതതീരങ്ങളിൽ മനംനിറഞ്ഞിരിക്കാം.
സകലചരാചരങ്ങളിലും സർഗചേതനയുണർത്തുന്ന സ്വർഗീയാനുഭൂതി പടർത്തുന്നതായിരിക്കണം സംഗമമെന്ന് കവയിത്രി ആദ്യംതന്നെ ശഠിക്കുകയാണ്.
അചരത്തിൽപ്പോലും സർഗചേതനയുണർത്തുന്ന ആ അതുല്യസംഗമമെന്താണ്? തീർച്ചയായും അത് സത്യശിവസൗന്ദര്യങ്ങളുടെ മാസ്മരികസംഗമമായിരിക്കും !
ദീപങ്ങൾ ലാസ്യനടനമാടി ഇരുളിനെ ത്രസിപ്പിക്കുമ്പോൾ, സ്വർഗകവാടങ്ങൾ താനേ തുറക്കുന്ന, അമേയാനുഭൂതികളുടെ വിരലിഴകൾ ദൃഢമായി കൊരുത്തുപോകുന്ന, ജീവന്റെ മിടിപ്പുകളുണരുന്ന പ്രാണസംഗമങ്ങളുണ്ടാകണമെന്ന് കവയിത്രി പിന്നീടാഗ്രഹിക്കുമ്പോൾ, വർത്തമാനത്തിന്റെ ചില വിഹ്വലതകളിൽ വേപഥുപൂണ്ട ഒരു ഹൃദയമിടിപ്പ് കേൾക്കുന്നുണ്ട് ഞാൻ. ജീവന്റെ മിടിപ്പുണരേണ്ട സംഗമശയ്യകളുടെ നൂലിഴകൾ കലികൊണ്ട് നെയ്തതാണോയെന്ന കവിമനസ്സിന്റെ ആശങ്ക നേർത്തെങ്കിലും മുഴങ്ങുന്നത് കേൾക്കുന്നുണ്ട് ഞാൻ .
അഹന്തയുടെ അളവിനും മീതെയുള്ള ആടകൾ അഴിച്ചെറിഞ്ഞ്, അരുമയോടെ വെളിച്ചവുമായി സംശ്ലേഷിപ്പിക്കുന്ന, ലോകമെങ്ങും സ്നേഹംപരത്തുന്ന കവിതകൾ 'അരികുകരിയാതെ' പാകപ്പെടുത്തിയെടുക്കണമെന്ന് നിഷ്കർഷിക്കുന്ന വരികൾ തുടർന്നുവരികയാണ്.
'അരികുകരിയാതെ' എന്ന നിബന്ധന കൃത്യതയാർന്നതാണ്; ബോദ്ധ്യങ്ങൾ പറയിച്ചതാണ്. വെളിച്ചം ഉണ്ടായാൽമാത്രം പോരാ, അത് നല്കുന്ന തെളിച്ചം നന്മയുടെ എഴുത്തുപുരകളിലുണ്ടാവണമെന്ന ബോദ്ധ്യം.!
എവിടെയുമെന്തിനും ഒരതിര്… ഒരരിക്…… ചിന്തിക്കാനൊരു ചൂണ്ടയെറിയുകയാണ് ശ്രീമതി ഓമന. അതിൽ നമ്മൾ കൊത്തേണ്ടിയിരിക്കുന്നു.
നിയതമായ അതിരുകൾക്കുള്ളിൽ അക്ഷരങ്ങൾ സംഗമിച്ച് സ്വർഗീയാനുഭൂതിപകരുന്ന കവിതകൾ പിറവിയെടുക്കട്ടെ.! കലിവീണ് ഇരുണ്ടുപോയ ഇടനാഴികളിൽ ദീപങ്ങൾ തെളിയട്ടെ.! ചേലുള്ള അക്ഷരക്കൂട്ടുകൾക്കിടയിൽ കവിതയുടെ കനകച്ചിലമ്പൊലി താളമിടാൻ മറന്നുനിന്നുവോ? ചെറിയൊരു സംശയം ബാക്കി… സ്നേഹാഭിവാദ്യങ്ങളോടെ, ജോസഫ് കാവ്യസാന്ദ്രം.
കവിത വായിക്കുക.......

 https://www.facebook.com/groups/neelaambari/
നീലാംബരി സാഹിത്യ ഗ്രൂപ്പ് സന്ദര്‍ശിക്കാന്‍ ക്ലിക്ക് ചെയ്യുക.

Post a comment

0 Comments