Ticker

6/recent/ticker-posts

സഞ്ചാരം @ ചിപ്പി സംഗീത

                                                          സഞ്ചാരം 
                                                                             By
                                                      ചിപ്പി സംഗീത.
പത്മതീർത്ഥത്തെ മതിയാവോളം കണ്ടറിഞ്ഞു ഞങ്ങൾ മുന്നോട്ടു നടക്കുമ്പോൾ ചരിത്രപ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കു വശത്തുള്ള പ്രധാന വീഥിയിൽ എത്തി .ധാരാളം പട്ടാളക്കാർ അവിടെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു .ജനത്തിരക്കിൽ സന്ദർശകരുടെ ഒരു നീണ്ട ക്യു കണ്ട് ഞങ്ങൾ അതിനു പുറകിൽ സ്ഥാനം പിടിച്ചു .സുരക്ഷ പരിശോധന അവിടെ വളരെ കർശനം ആണ് .കുറച്ചധിക നേരം നിൽക്കേണ്ടി വന്നെങ്കിലും കാഴ്ചകൾക്ക് പഞ്ഞമില്ലാത്തതിനാൽ ബോറടിച്ചില്ല .
ആ വീഥിയുടെ ഒരു വശം പത്മതീർഥവും മറുവശം കുതിരമാളിക എന്നറിയപ്പെടുന്ന പുത്തൻമാളിക കൊട്ടാരവും ആണ് .കൊട്ടാരത്തിന്റെ മുകളിലായി സമയത്തിന്റെ വില ഓർമിപ്പിച്ചു മേത്തന്മണിയും ഉണ്ട് .
ഞങ്ങൾ കുവിൽ നിൽക്കുമ്പോൾ അമ്പലത്തിന്റെ പ്രധാന ഗോപുരത്തിനോട് അടുത്ത് ഉള്ള നൃത്തമണ്ഡപത്തിൽ യു എസ്സിൽ നിന്നെത്തിയ ഒരുകാലാകാരിയുടെ മോഹിനി ആട്ടം നടക്കുന്നുണ്ടായിരുന്നു . നൃത്തം ആസ്വദിക്കാൻ കാണികൾക്കായി കസേരകൾ അടുക്കിയിട്ടിട്ടുണ്ട് അവിടെ .നീണ്ട വരിയിൽ അടുക്കിയിട്ട ഏറെ കസേരകളിൽ ഒരു കസേര പോലും ഒഴിവില്ല എന്നത് ആ കലാകാരിയുടെ മികവ് തന്നെ ആയിരുന്നു .
അങ്ങനെ പരിസരം നന്നായി ആസ്വദിച്ചു അനന്തപുരിയുടെ മുഖമുദ്രയായ നൂറ്‌ അടിയോളം ഉയരമുള്ള കിഴക്കേ ഗോപുരത്തിന് അടുത്തെത്തി .ഏഴു നിലകളാണ് ഇതിന്. ഓരോ നിലക്കും നടുക്കായി ഓരോ കിളിവാതിലും കാണാം .
തമിഴ് ശൈലിയിൽ നിർമ്മിച്ച ഈ ഗോപുരത്തിൽ കൊത്തുപണികൾ ധാരാളം .ആദ്യത്തെ നിലയിൽ ദശാവതാരങ്ങൾ ആണ് കൊത്തി വച്ചിരിക്കുന്നത് .ഗോപുര മുകളിൽ ആയി ഏഴ്‌ സ്വർണത്താഴിക കുടങ്ങൾ കാണാം .അതിന്റെ ഭംഗി പൂർണമായി വിവരിക്കാൻ വാക്കുകൾ പോര തന്നെ .
പത്മനാഭ സ്വാമി തിരുവിതാം കൂർ രാജവംശത്തിന്റെ കുലദൈവമാണ്.ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡ വർമയാണ് ഈ ക്ഷേത്രം ഇന്ന് കാണുന്ന രീതിയിൽ പുനരുദ്ധരിച്ചത്.ഏഴിൽ അഞ്ചു ഗോപുരങ്ങളും അനിഴം തിരുനാളിന്റെ കാലത്തു നിർമ്മിക്കപ്പെട്ടു .ആറും ഏഴും നിലകൾ ധർമ്മ രാജാവിന്റെ കാലത്തു നിർമിക്കപെട്ടു.
ഈ ക്ഷേത്രത്തിന്റെ മറ്റു ഗോപുരങ്ങൾ കേരളീയശൈലിയിൽ ആണ് നിർമ്മിച്ചിരിയ്ക്കുന്നത് .
ഐതിഹ്യപ്രകാരം കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്ന് പറയുമ്പോഴും ദിവാകരമുനിയാണോ വില്വമംഗലമാണോ ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നു രണ്ടഭിപ്രായം നിലനിൽക്കുന്നു .
ഏകദേശം മൂന്ന് ഹെക്ടർ വിസ്തൃതിയിൽ ആണ് ഈ ക്ഷേത്രം നില കൊള്ളുന്നത് .അതുകൊണ്ടുതന്നെ ഗോപുരം കടന്നു ഞങ്ങൾ അകത്തു ചെല്ലുമ്പോൾ ക്ഷേത്രത്തിനുൾവശത്തെ വിശാലത അത്ഭുതപെടുത്തി . ചുറ്റമ്പലത്തിൽ ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട് .അതുവഴി കാഴ്ചകൾ കണ്ടു നടന്നപ്പോൾ ഒരുപാടു അയ്യപ്പന്മാർ അമ്പലത്തിനു വലം വച്ച് തൊഴുതു പോകുന്നുണ്ടായിരുന്നു .
കിഴക്കുഭാഗത്തുള്ള ശീവേലിപ്പുരയ്ക്കു 400 അടി നീളവും 200 അടി വീതിയും വരും.365 കരിങ്കൽത്തൂണുകളുള്ള ഇത് 4000 ആശാരിമാരും 6000 തൊഴിലാളികളും 100 ആനകളും ചേർന്ന് ആറുമാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
അമ്മയുമായി പതുക്കെ നടക്കുന്നത് കണ്ടാവണം അമ്പലത്തിലെ ഒരു ശാന്തി പ്രത്യേക ടിക്കറ്റെടുത്ത് അകത്ത് കേറുന്നതിനെ കുറിച്ച് പറഞ്ഞു തന്നു .അത് അമ്മക്ക് തുണയായി .
അങ്ങനെ അല്പം സ്വാർഥത കാട്ടി പ്രത്യേക ക്യുവിലൂടെ അകത്തു കടക്കുമ്പോൾ ഒത്ത നടുക്കായി ദീർഘചതുരാകൃതിയിൽ ഇരുപതടി നീളത്തിലും രണ്ടരയടി വീതിയിലും ഉള്ള മണ്ഡപം . ഭഗവാന്റെ അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണ് ദീർഘ ചതുരാകൃതിയിൽ ഈ കോവിൽ നിർമ്മിച്ചിട്ടുള്ളത് . പ്രശസ്തമായ ഒറ്റക്കൽ മണ്ഡപം ഇവിടെയാണ്.
കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങൾ കൊണ്ടും നിർമ്മിച്ച പതിനെട്ടടി നീളമുള്ള അനന്തൻ എന്ന പാമ്പിന്റെ പുറത്ത് കിടക്കുന്ന ഭഗവാന്റെ വിഗ്രഹം ഈ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി വാഴുകയും നാടിനെ കാത്തുരക്ഷിക്കുകയും ചെയുന്നു .
വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ വീരബാലമാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച്‌ ഭഗവാന്റെ ദാസനായി ആണ് ഭരണം നടത്തിയിരുന്നത് .അതിനാൽ തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസന്മാർ എന്നറിയപ്പെടുന്നു .
കടുശർക്കരയോഗക്കൂട്ടുകൊണ്ടുണ്ടാക്കിയതിനാൽ യഥാർഥ വിഗ്രഹം അഭിഷേകം ചെയ്താൽ അലിഞ്ഞുപോകും. അതിനാൽ ഭഗവാന്റെ മറ്റൊരു വിഗ്രഹത്തിലാണ് സാദാരണ പൂജ ചെയ്യുന്നതും അഭിഷേകവും മറ്റും നടത്തുന്നതും .ഇവിടെ ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ എന്നതാണ് മറ്റൊരു പ്രത്യേകത .
ഭഗവാന്റെ വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്‌, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി ആണ് ഇതിന്റെ സങ്കല്പം.
അനന്തന്റെ പത്തികൊണ്ട്‌ ഭഗവാന്റെ തല മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം ഉണ്ട് . ഒരേ ശ്രീകോവിലിൽ ത്രിമൂർത്തികളുടെ സാന്നിദ്ധ്യം ഈ ദേവാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലിൽ തീർത്ത രൂപങ്ങളുമുണ്ട്‌. ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയെയും അൽപം അകലെ ഭൂമീ ദേവിയെയും ഇവിടെ കാണാം .
കേരളത്തിലെ ഏറ്റവും വലിയ ചുവർച്ചിത്രങ്ങളിലൊന്നാണ്
കോവിലിനു പിന്നിൽ കാണുന്ന പതിനെട്ടടി നീളമുള്ള ഭഗവാന്റെ ചുവർച്ചിത്രം . ഈ ചിത്രം വരച്ചത് ചാലയിൽ കാളഹസ്തി എന്നുപേരുള്ള ഒരു തമിഴ് ബ്രാഹ്മണനാണ് എന്ന് പറയുന്നു .
നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരും ഇവിടെ പ്രധാന പ്രതിഷ്ഠ ആണ് . മൂവർക്കും തുല്യപ്രാധാന്യമാണ്. രണ്ട് കൊടിമരങ്ങളുണ്ട്. പത്മനാഭസ്വാമിയുടെ നടയിൽ സ്വർണ്ണക്കൊടിമരവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയുടെ നടയിൽ വെള്ളിക്കൊടിമരവും .
മറ്റൊരു പ്രത്യേകത വേദവ്യാസൻ, അശ്വത്ഥാമാവ് എന്നിവരുടെ ഇവിടുത്തെ പ്രതിഷ്ഠയാണ് . ലോകത്ത് മറ്റൊരിടത്തും അശ്വത്ഥാമാവിനെ പ്രതിഷ്ഠിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ് .
അങ്ങനെ ഭഗവാനെ മനസ്സ് നിറയെ കണ്ടു നാലമ്പലത്തിനുപുറത്ത് എത്തുമ്പോൾ വടക്കുഭാഗത്ത് ക്ഷേത്രപാലകൻ എന്ന ഭൂതത്തെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. കിഴക്കേ ഗോപുരത്തോടുചേർന്ന് ഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ പത്നിയായ സീതയോടും അനുജനായ ലക്ഷ്മണനോടും ചേർന്നുനിൽക്കുന്ന രൂപത്തിൽ രണ്ട് പ്രതിഷ്ഠകൾ വേറെയും കാണാം .
ആറു നിലവറകളിലായി അമൂല്യ നിധി ശേഖരമുള്ള ഈ ക്ഷേത്രം രാജ്യത്തിനു തന്നെ ഒരു അത്ഭുതമാണ് . ഇവിടെ മീനമാസത്തിൽ കൊണ്ടാടുന്ന പൈങ്കുനി ഉത്സവം പത്തുദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് .അൽപ്പശി ഉത്സവം , ആറുവർഷം കൂടുമ്പോൾ നടക്കുന്ന “മുറജപം” എന്നിവയെല്ലാം അമ്പലത്തിന്റെ ആഘോഷങ്ങളിൽ ചിലതു മാത്രം .
അങ്ങനെ തലസ്ഥാന നഗരിയിൽ കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പദ്മനാഭസ്വാമി ക്ഷേത്രത്തെ അടുത്തറിഞ്ഞു വടക്കേ നടയിൽ എത്തുമ്പോൾ ഗംഭീര വീണ കച്ചേരി നടക്കുന്നുണ്ടായിരുന്നു .അതല്പം ആസ്വദിച്ചു അവിടെ നിന്ന് അകലുമ്പോൾ ആ വാദ്യോപകരണങ്ങളെല്ലാം എന്നെ പിന്തുടർന്ന് പുറത്തേക്കുള്ള വഴി കാണിച്ചു കൂടെ വന്നു .
ഒന്ന് പോയവർ വീണ്ടും പോകാൻ കൊതിക്കുന്ന അനന്തന്റെ നാട്ടിലേക്ക് എനിയ്ക്കും വീണ്ടും പോകാൻ ഇടയ്ക്കിടയ്ക്ക് കൊതി തോന്നും .ഇത്രയും അകലെ താമസസിക്കുന്ന എന്നെ സംബദ്ധിച്ച് വെറും വ്യാമോഹമാണെന്നറിയാം. എങ്കിലും പലപ്പോഴും എന്റെ കർണ്ണപടത്തിൽ ആ വീണാ നാദവും മൃതങ്ക ധ്വനിയും എന്നെ ഇന്നും പുറകിൽ നിന്ന് വിളിക്കുന്നു . "വരുന്നോ അനന്തന്റെ നാട്ടിലേക്കെന്ന് "
സ്നേഹത്തോടെ ,
ചിപ്പി സംഗീത

 https://www.facebook.com/groups/neelaambari/
നീലാംബരി ഗ്രൂപ്പ് സന്ദര്‍ശിക്കാന്‍ ക്ലിക്ക് ചെയ്യുക.

Post a Comment

1 Comments