Ticker

6/recent/ticker-posts

കാവ്യമുദ്രകള്‍ @ ജോസഫ് കാവ്യസാന്ദ്രം.

കവിത-സംഗമം@മോഹന്‍ കുമാര്‍.

ആസ്വാദനം@ജോസഫ് കാവ്യസാന്ദ്രം.
സംഗമം…!
പ്രപഞ്ചസത്യങ്ങളെ സചേതനമാക്കുന്ന സദാസത്യവാക്യത്തിന്റെ സമ്യക്കായ ഘടകം,
അതിലെ ദ്രവ്യങ്ങളോരോന്നിന്റെയും കൃത്യവും ക്ലിപ്തവുമായ 'സംഗമ'മാണെന്നത് അതിശയോക്തിയാവില്ല.
ഓരോ അണുവും സംയോജിക്കയും വികസിക്കയും വിഘടിക്കയും
പേർത്തും പേർത്തും ഋണധനാദികളുടെ നേരൂർജം ആവാഹിക്കയും ചെയ്യുന്നത് ഒരേസമയം നമ്മെ ഭ്രമിപ്പിക്കയും വിഭ്രമിപ്പിക്കയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ്.
അത്തരമൊരു അവാച്യവികാരങ്ങളുടെ സംഗമം തലച്ചോറിൽ താളങ്ങളും താളവട്ടങ്ങളുമായി മാറിയ അനുഭൂതിയാണ്,
'നീലാംബരീയ'ത്തിന്റെ വെൺകൊറ്റക്കുടകൾ ചൂടിയ മുപ്പതിൽപ്പരം കാവ്യാശ്വരഥങ്ങളിൽ ഒന്നാമതായി കുതികുതിച്ചെത്തിയ
'സംഗമം' എന്ന കവിത പകർന്നത്.
ശ്രീ. മോഹൻകുമാർ എന്ന കവിയുടെ സർഗപരതയും സർഗധന്യതയും അതുല്യമെന്ന് വാഴ്ത്തുന്നതാണ് കവിതയിലെ ഓരോ വാക്കും വരിയും.അർത്ഥസമ്പുഷ്ടതയും ഭാവഗരിമയും താളസാരള്യവും നിറഞ്ഞ മാതൃഭാഷാപദങ്ങൾ
'സംഗമം' എന്ന മത്സരവിഷയത്തോട് സമന്വയിപ്പിക്കുന്നതിൽ അസൂയാവഹമായ പ്രതിഭാമഹിമയാണ് 'മോഹനൻ മാസ്റ്റർ' 'സംഗമ'ത്തിലൂടെ കാണിച്ചുതരുന്നത്.
ഈ വിശ്വത്തിൽ വിടർന്നുപരിലസിക്കുന്ന ജീവസ്പന്ദനവും
യുഗയുഗാന്തരങ്ങളെ തുയിലുണർത്തി ഉരുവാക്കിയതും പ്രൃത്ഥ്വ്യബ്തേജോവായ്വാകാശങ്ങളെ സമഞ്ജസമായി കോർത്തുചേർത്തതും
'സംഗമം' എന്ന അതുല്യവിശേഷതയാണെന്ന് ആദ്യപാദങ്ങളിൽ കവി സമർത്ഥിക്കുന്നു.
സൃഷ്ടി എന്ന ചെമപ്പുരാശിവീണ കാലകാല്യത്തിലേക്കാണ് ഈ  വരികൾ നമ്മെ കൂട്ടിക്കൊണ്ടുപോവുക. പരമ്പരാഗതവിശ്വാസങ്ങളുടെ ചീട്ടടുക്കുകളെ ചിതറിവീഴിക്കുംപോലെയുള്ള ശാസ്ത്രസത്യങ്ങളുടെയും തത്ത്വങ്ങളുടെയും ഊർജോൽസർജ്ജനം ഇവിടെ അന്തർധാരയാവുന്നു.സങ്കല്പങ്ങളുടെ കോലളവുകൾക്കപ്പുറം അണുസംഗമങ്ങളുടെ നേരളവുകൾ ഈ വരികളുടെ ശക്തിയാവുന്നു.
സംഗമങ്ങളുടെ സുന്ദരവനങ്ങളിലേക്കാണ് ഇനിവരുംവരികൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.കിഴക്കൻ മലമേടുകളെ പ്രഭാതസൂര്യൻ ചുംബിച്ചുണർത്തുമ്പോൾ ഉതിരുന്ന കുങ്കുമരേണുക്കളും
ശാന്തമനോഹരമായ സായന്തനവും കാറ്റും മലനിരകളും സംഗമലാലസ്യത്താൽ നടനം ചെയ്യുന്നതും മഴത്തുള്ളികൾ മണ്ണിനെ ഉന്മത്തയാക്കുന്നതുമൊക്കെ
എത്ര ചേതോഹരമായാണ് കവി വരച്ചുകാട്ടുന്നത്.നിർമലവും നിസ്തുലവുമായ പ്രകൃതിസൗന്ദര്യം നിസ്തന്ദ്രം നിലനിന്നുപോകണമെന്ന തീവ്രാഭിലാഷത്തിന്റെ കനകമഷിയിൽ മുക്കി കവിത വിരചിച്ചിരിക്കയാണ് മോഹനൻ മാസ്റ്റർ.
സ്നേഹമെന്ന സാമ്യമകന്ന വികാരത്തിന്റെ പരമകാഷ്ഠയായ
വിഭിന്നലിംഗങ്ങളുടെ അഥവാ നരനാരീസംഗമത്തിന്റെ
അവശ്യകതയും വശ്യതയും യാതൊരു സീമയെയും ഉല്ലംഘിക്കാതെ വർണിക്കുന്നത് ഏറെ ശ്ലാഘനീയമാണ്.ജീവജാലങ്ങൾ എന്നും അമരമായിരിക്കുവാൻ അനുപേക്ഷണീയമാണ് ഇവ്വിധസംഗമങ്ങൾ എന്ന് കരിവണ്ടിനെയും പൂവിനെയും അന്വയിപ്പിച്ച് മാസ്റ്റർ പറയുന്നത്,ഒരു ജീവശാസ്ത്രമാസ്റ്ററുടെയോ മജീഷ്യന്റെയോ ഒക്കെ കൈയടക്കത്തോടെയാണ്.
സൃഷ്ടിയെയും അതിന്റെ സൗന്ദര്യത്തെയും നിലനില്പിനെയും ചാരുതയോടെ അതിഭാവുകത്വമേതുമില്ലാതെ വർണിച്ച കവി, വർത്തമാനത്തിന്റെ സങ്കീർണതയിലേക്ക് പരിക്രമണംചെയ്യുന്നത് കവിമനസ്സിന്റെ സാമൂഹിക പ്രതിബദ്ധതയെ സുവ്യക്തദൃശ്യമാക്കുന്നു.'എങ്ങനെയുമല്ല', 'അങ്ങനെതന്നെ'ജീവിക്കണമെന്ന ദൃഢനിശ്ചയത്തിന്റെയും
നതമസ്തകമാകാത്ത മസ്തിഷ്കത്തിന്റെയും പ്രതിസ്ഫുരണമാണ്; വാശിയാണ്. മതിൽക്കെട്ടുകളല്ല, സ്വതന്ത്രാകാശങ്ങളാണ് പരിഷ്കൃതമാനവസമൂഹത്തിന്റെ പരികല്പന.
രാഷ്ട്രീയസാമൂഹികമൂല്യങ്ങളുടെ ഈടുനില്പിനായി അതിരുകളില്ലാത്ത സ്വതന്ത്രചിന്തയുടെ വക്താക്കൾ ഏകത്ര ചേരുന്നു എന്നതും സംഗമത്തിന്റെ ഈടുവെയ്പായി തുടിതുടിക്കുന്നു.
'സംഗമത്തിൽ' കവിതയ്ക്കൊപ്പം ശാസ്ത്രമുണ്ട്. തത്വശാസ്ത്രമുണ്ട്. ചിന്തകളുടെ ഉദ്ദീപനങ്ങളുണ്ട്.ഉറച്ച നിലപാടുകളുണ്ട്.മത്സരവിഷയത്തെ, അതിന്റെ പ്രത്യക്ഷാർത്ഥത്തിൽ വളച്ചുകെട്ടില്ലാതെ മലയാളഭാഷയുടെ മനോഹരിത നിറഞ്ഞുലയുന്ന പൂമരംപോലെ ഗോചരമാക്കി എന്നത്
'സംഗമത്തെ' അതർഹിക്കുന്ന പ്രഥമപദത്തിലെത്തിക്കുന്നു.
'സംഗമം' എന്ന വിഷയത്തിന് മറ്റ് അർത്ഥതലങ്ങളില്ലേ? മനസ്സകങ്ങളെ ചുട്ടുനീറ്റുകയും ചിന്താമഗ്നമാക്കുകയും ചെയ്യുന്ന നിഗൂഢാർത്ഥങ്ങളുണ്ടാകുമോ? സാജാത്യവൈരുദ്ധ്യങ്ങൾ മാത്രമാണോ അതോ സമാനാശയങ്ങളും സംഗമിക്കാറുണ്ടോ?കവി അന്വേഷകനാകട്ടെ…!
അഭിവാദ്യങ്ങളോടെ,

ജോസഫ് കാവ്യസാന്ദ്രം.
സംഗമം @ മോഹന്‍കുമാര്‍ .

സംഗമം , ജഗത്തിതിൻ പ്രഫുല്ലജീവസ്പന്ദനം
സംഗമം, യുഗപ്രഭാവ ശക്തിതന്റെയുത്ഭവം
പഞ്ചഭൂത സംഗമം, പ്രപഞ്ചജീവചേതന
തീരസാഗരങ്ങൾഗീതമാലപിച്ചു സംഗമം
പൂർവ്വശൈലസൂര്യസംഗമം പ്രഭാതകുങ്കുമം
അർക്കപശ്ചിമാബ്ധിസംഗമം പ്രശാന്ത മോഹനം
മാരുതൻ തരുക്കളൊത്തു ലാസ്യനൃത്ത സംഗമം
മാരി ഭൂമിയോടുചേർന്നിടും സഹർഷസംഗമം
സാരവം സരത്സമുദ്രസംഗമം മനോഹരം
പൃത്ഥ്വിസസ്യജാലസംഗമം സമൃദ്ധിദായകം
രാഗമാലപിച്ചു മക്ഷികാപ്രസൂനസംഗമം
മാരിവിൽ രചിച്ചു സൂര്യരശ്മിമേഘസംഗമം
മർത്ത്യവംശ -ജീവജാലമെന്നുമമരമാകുവാൻ
സംഗമം മഹത്തരം വിഭിന്നലിംഗസംഗമം !

മാനസങ്ങൾ സംഗമിച്ചു പുത്തനൈക്യ കാഹളം
ആശയങ്ങൾസംഗമിച്ചൊരേകനവ്യസരണിയായ്
ഭിന്നഭാഷ, വേഷ, ഭൂഷ, വർഗ്ഗ, വർണ്ണസംഗമം
ഭിന്നതയ്ക്കുമപ്പുറത്തൊരേകബോധദായകം
നാലുകോണിൽനിന്നുവന്ന കൊച്ചുകൊച്ചു നദികളി -
ങ്ങൊത്തുചേർന്നുസംഗമിച്ചിതാമഹാപ്രവാഹമായ്
സംഗമിപ്പു സകലവിഭജനങ്ങളും മറന്നവർ
സംഘടിപ്പു ഭരണഘടനതൻ സുരക്ഷ ലക്ഷ്യമായ്
സംഗമിപ്പു ഭാരതത്തിൻ പൗരരായി വാഴുവാൻ
സംഗമിപ്പു മാതൃരാജ്യസ്വാഭിമാനം കാക്കുവാൻ !


കൂടുതല്‍ വായനയ്ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 

Post a Comment

0 Comments