Ticker

6/recent/ticker-posts

വായനശാല @ സജ്ന അപ്പു.

പ്രേമലേഖനം-ബഷീര്‍.

ആസ്വാദനം-സജ്ന അപ്പു.

"ജീവിതം യൗവനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു..? "
എന്ന് തുടങ്ങിയ ഒരു പ്രേമലേഖനത്തോടെ മലയാളികളുടെ മനസ്സുകളിലേക്ക് വ്യത്യസ്‍ത പ്രണയത്തിന്റെ നവ്യ സുഗന്ധമായി ഇറങ്ങിയ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "പ്രേമലേഖനം "ആണ്‌ ഇന്നത്തെ വായനശാലയിലൂടെ പ്രിയ സുഹൃത്തുക്കൾക്ക്‌ മുന്നിൽ ഞാൻ അവതരിപ്പിക്കുന്നത്.
മലയാളത്തിലെ ഏറ്റവും ജനകീയനായ എഴുത്തുകാരന്റെ വെളിച്ചം കണ്ട ആദ്യ കൃതിയാണ് പ്രേമലേഖനം. ഈ ലഘുനോവൽ സാമുദായിക സൗഹാർദ്ദത്തിന് കോട്ടം തട്ടാത്ത വിധം സരസമായും സരളമായും തികച്ചും ബഷീറിയൻ ശൈലിയിൽ തന്നെയാണ് എഴുതിയിരിക്കുന്നത്. സുന്ദരിയും ഇന്റർമീഡിയറ്റ് വരെ പഠിച്ചവളുമായ സാറാമ്മ എന്ന ക്രിസ്ത്യൻ യുവതിയുടെ വീടിന്റെ മുകൾ നിലയിൽ വാടകക്ക് താമസിക്കുകയാണ് കേശവൻ നായർ എന്ന ബാങ്കിൽ ജോലിയുള്ള ഹിന്ദു യുവാവ്. കേശവൻ നായർക്കാണെങ്കിൽ സാറാമ്മയോട് അപാരമായ പ്രേമം തലക്ക് പിടിച്ചിരിക്കുകയാണ്. എന്നാൽ സാറാമ്മയാകട്ടെ ഇതൊന്നും അറിയില്ല എന്ന ഭാവത്തിൽ നടക്കുകയാണ്. കേശവൻ നായരിൽ നിന്ന് വീക്കിലികളും മാസികകളും വാങ്ങി വായിക്കും തമാശകൾ പറയും അതിലപ്പുറം ഒന്നുമില്ല. രണ്ടും കല്പ്പിച്ചു കേശവൻ നായർ സാറാമ്മക്ക് ഒരു പ്രേമലേഖനം എഴുതി കൊടുക്കുകയാണ്.
രണ്ടാനമ്മയുടെ വാക്കുകൾ മാത്രം ചെവിക്കൊള്ളുന്ന അച്ഛനും രണ്ടാനമ്മയും അടങ്ങുന്ന തന്റെ ജീവിതത്തിൽ സാറാമ്മ ദുഖിതയാണെങ്കിലും ബുദ്ധിമതിയും വിവേചന ശക്തിയുള്ളവളും ആണവൾ. കേശവൻ നായരുടെ പ്രണയാഭ്യർത്ഥനകൾ അവൾ നിഷ്കരുണം ചിരിച്ചു തള്ളി. ആ അവഗണയിൽ കേശവൻ നായർക്ക് മനം നൊന്തുവെങ്കിലും വീണ്ടും വീണ്ടും അയാൾ സാറാമ്മയെ പ്രേമിക്കുകയാണ്.
താനെഴുതിയ പ്രേമലേഖനം എന്ത് ചെയ്തു എന്ന കേശവൻ നായരുടെ ചോദ്യത്തിൽ ഉമിക്കരി പൊതിഞ്ഞു വെച്ചു എന്ന് പരിഹാസ രൂപേണെ പറയുന്ന സാറാമ്മ പ്രണയത്തിലേക്ക് മുന്നും പിന്നും നോക്കാതെ എടുത്തു ചാടുന്ന ഇന്നത്തെ പെൺകുട്ടികൾക്ക് മാതൃകയാക്കാവുന്ന
താണ്.
തനിക്കൊരു ജോലി സംഘടിപ്പിച്ചു തരുമോ എന്ന സാറാമ്മയുടെ ചോദ്യത്തിന് കേശവൻ നായർ അയാളെ പ്രേമിക്കുന്ന ജോലി ഏറ്റെടുക്കാമോ എന്ന് ചോദിക്കുമ്പോൾ എത്ര രൂപ ശമ്പളം തരും എന്ന ചോദ്യം അവൾ തിരിച്ചു ചോദിക്കുന്നു. മാസം ഇരുപത് രൂപ നിരക്കിൽ ഒരു ജോലിയായി സാറാമ്മ കേശവൻ നായരേ പ്രേമിച്ചു തുടങ്ങി. ശമ്പളത്തിനാണെങ്കിലും കേശവൻനായർക്ക് ഇതിൽ പരം സന്തോഷമില്ല. സാറാമ്മയുടെ 'പ്രേമജോലി ' ഇങ്ങനെപുരോഗമിക്കുന്ന തിനിടയിൽ കേശവൻ നായർ ഒരിക്കൽ അവളെ ചുംബിക്കാനൊരുങ്ങുമ്പോൾ അത് കരാറിലില്ല എന്ന് പറഞ്ഞോഴിയാനുള്ള ചങ്കൂറ്റവും സാറാമ്മക്കുണ്ട്.
തുടർന്ന് അഞ്ചു മാസക്കാലം സാറാമ്മ കേശവൻ നായരേ പ്രേമിക്കുകയും അതിനുള്ള ശമ്പളം കൈപ്പറ്റയികൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ കേശവൻ നായർക്ക് ദൂരെ സ്ഥലമാറ്റം കിട്ടിപോകുമ്പോൾ അതുവരെ കളിയായി തമാശയായി കാണിച്ച പ്രണയം അതിന്റെ തീവ്രതയോടെ കേശവൻ നായർക്ക് സമർപ്പിക്കുകയാണ് സാറാമ്മ
അവരുടെ ഒരുമിച്ചുള്ള ആ ആദ്യ യാത്രയിൽ പ്രേമിച്ചതിനുള്ള ശമ്പളമായി കിട്ടിയ മുഴുവൻ തുകയും കേശവൻ നായർക്ക് സാറാമ്മ കൈമാറുകയാണ്. അഞ്ചു മാസം മുൻപ് അയാൾ അവൾക്ക് നൽകിയ പ്രേമലേഖനത്തോടൊപ്പം..
ഈ ലഘു നോവലിൽ ആർക്കും അനുകരിക്കാൻ കഴിയാത്ത ബഷീറിയൻ ശൈലി കൊണ്ട് സമൃദ്ധമാണ്. നിറഞ്ഞു തുളുമ്പുന്ന ഫലിതത്തിലൂടെ ഒരു നിർമല പ്രേമ കഥ പറയുകയാണ് ബേപ്പൂർ സുൽത്താൻ.സാറാമ്മ വളരെ വ്യക്തിത്വവും ദൃഢ നിശ്ചയവുമുള്ള പെണ്ണാണെങ്കിൽ കേശവൻ നായർ തികച്ചും ഒരു കാല്പനിക ജീവിയാണ്. സൗന്ദര്യത്തിലും പ്രണയത്തിലും മുഴുകി സ്വയം മറന്നു നടക്കുന്ന സ്വപ്ന ജീവി. എങ്കിലും നല്ല ഹാസ്യബോധമുള്ള നായകനാണ്.
രണ്ടേ രണ്ട് കഥാപാത്രങ്ങൾ മാത്രമുള്ള നോവലിൽ മുഴുവൻ സംഭവങ്ങളും നർമ രസപ്രധാനമാണ്. രണ്ടുപേരും രണ്ട് മതക്കാർ എങ്കിൽ പിറക്കാൻ പോകുന്ന കുഞ്ഞിനെന്ത് പേരിടും എന്ന് തീരുമാനിക്കുന്നത് അതീവ രസകരമാണ്. ഒടുവിൽ "ആകാശ മിട്ടായി" എന്ന പേരിടാം എന്ന് രണ്ടുപേരും കൂടി തീരുമാനിക്കുന്നു . ബഷീറിനല്ലാതെ മറ്റാർക്കാണ് "ആകാശ മിട്ടായി "എന്ന പദം കിട്ടുക. പ്രേമമുണ്ടെന്നു കാണിക്കാൻ തലയും കുത്തി നിൽക്കാൻ പറയുന്ന കാമുകി. അത് കേട്ടയുടൻ തല കുത്തി നിൽക്കുന്ന കാമുകൻ. പ്രേമം തലക്ക് പിടിച്ചാൽ ഈ ലോകത്തുള്ള മറ്റൊന്നും കാണില്ല തലയിൽ മുഴുവൻ നിലാവെളിച്ചമായിരുക്കും എന്ന് പറയുന്ന ബുദ്ധിമതിയായ കാമുകി. എങ്കിലും ഈ ലോകത്തെ ഏറ്റവും മധുര മനോഹര വികാരമാണ് പ്രണയം എന്ന് പ്രേമലേഖനം വെളിപ്പെടുത്തുന്നു...
തിരുവിതാംകൂറിൽ ഈ പുസ്തകം നിരോധിച്ചു എന്നത് എന്തടിസ്ഥാനത്തിലാണെന്ന് വായനക്കാർക്ക് മനസിലാകില്ല. ഒരുപക്ഷെ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നായത് കൊണ്ടാണോ എന്നറിയില്ല..
എങ്കിലും ഇന്നും അനുകരിക്കാൻ കഴിയാത്ത ബീഷീറിന്റെ ഈ ലഘുനോവൽ പ്രണയികൾക്ക് മാത്രമല്ല ജീവിതം യവ്വന തീക്ഷ്ണമല്ലാത്തവർക്കും ഒരുപോലെ പ്രിയങ്കരമായി തുടരുന്നു....

Post a comment

0 Comments