Ticker

6/recent/ticker-posts

ഞണ്ടുകൾ

ഞണ്ടുകൾ@ ബിന്ദു ഉണ്ണി.
ആസ്വാദനം-എം.എസ്.വിനോദ്.
-------------------------------------------------
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന് പല വിധത്തിലുള്ള റാങ്കുകൾ ഉണ്ട്.കോടിക്കണക്കായ സ്പിഷീസുകളിൽ അവയെ നമ്മൾ അടുക്കി വെച്ചിട്ടുണ്ട്. ബാക്റ്റീരിയ മുതൽ ഇങ്ങ് താഴോട്ട് കണക്കെടുമ്പോൾ നമ്മൾ മനുഷ്യർ വരെയുള്ള ആ പട്ടികയിൽ കോടിക്കണക്ക് ജീവജാലങ്ങൾ ഉണ്ട്.നമ്മളെ അതിൽ ഏറ്റവും മുന്തിയ ഇനമായ സസ്തനികളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.ഇത്രയും കാര്യങ്ങൾ മുഖവുരയായി പറയേണ്ടി വന്നത് തിരിച്ചറിഞ്ഞതും തിരിച്ചറിയാത്തതുമായ ദശലക്ഷം കോടി ജീവജാലങ്ങളിൽ നമ്മൾ എവിടെ നിൽക്കുന്നു എന്ന് ഒന്ന് ബോധ്യപ്പെടുത്താനാണ്.
നീലാംബരിയിൽ വരികളിലൂടെ കണ്ണോടിക്കുമ്പോൾ വളരെപ്പെട്ടന്ന് ശ്രദ്ധയിൽ പെട്ട ഞണ്ട് എന്ന തലക്കെട്ടില്ലാത്ത കവിതയാണ് ഈ ഒരു മുഖവുരയ്ക്ക് കാരണം.ശ്രീമതി. ബിന്ദു ഉണ്ണി ഒരു മുഖവുരയുമില്ലാതെയാണ് കവിത ആരംഭിക്കുന്നത്.'നമ്മൾ ഞണ്ടുകളാണ്.... ' എന്ന് മുഖത്തടിച്ച പോലെ പറഞ്ഞപ്പോൾ ഒരു നിമിഷം ഒന്ന് ആലോചിച്ച് നിന്നു പോയി.സ്വയം ഒന്ന് വിലയിരുത്താനും എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കാനും ഇടതരാതെ കവയിത്രി നേരേ വിഷയത്തിലേക്കാണ് പോയത്.'വെളിച്ചങ്ങളെ അവഗണിച്ച് പിന്നോട്ട് നടക്കുന്ന ഞണ്ടുകളാണ് നമ്മൾ.....'
വ്യക്തമായ പ്രസ്താവന.ശരിയല്ലേ എന്ന് നമ്മൾ ഒരു നിമിഷം ചിന്തിക്കും.അവിടെയാണ് മുകളിൽ പറഞ്ഞ മുഖവുരയുടെ പ്രസക്തി.എത്രയോ വർഷങ്ങളുടെ പരിണാമയാത്രയുണ്ട് മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥയിൽ.അതിനിടയിൽ എത്രയോ ജീവജാലങ്ങൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി.അത്തരത്തിലുള്ള വിജയകരമായ പരീക്ഷണപരിണാമത്തിൽ വെന്നിക്കൊടി നാട്ടിനിൽക്കുന്ന മനുഷ്യന്റെ ഇന്നത്തെ അവസ്ഥയെ ബിന്ദുഉണ്ണി അല്പം ഭാവനചേർത്ത് ഞണ്ടിനോട് ഉപമിക്കുന്നു. സംസ്ക്കാരങ്ങളുടേയും സമരങ്ങളുടേയും വിപ്ലവങ്ങളുടേയും ഒക്കെ തേരിലേറി മുന്നോട്ട് മുന്നോട്ട് എന്ന് മാത്രം ആഹ്വാനം ചെയ്തു കൊണ്ട് കുതിച്ച് മുന്നിലെത്തി നൂറ്റാണ്ടിന്റെ ഏറ്റവും നൂതനമായ ഉയരത്തിൽ എത്തി നിൽക്കുന്നു എന്ന് അഹങ്കരിക്കുന്ന മനുഷ്യനെ നോക്കി കവയിത്രി പറയുന്ന ഈ വാക്കുകൾ പ്രസക്തമാണെന്ന്‌ സമ്മതിക്കാതെ വയ്യ.ഇന്നിന്റെ യഥാർത്ഥ മനുഷ്യമാനസികാവസ്ഥയാണ് ഒരു ഞണ്ടിന്റെ ചിത്രത്തിലൂടെ സുന്ദരവും ലളിതവുമായി ബിംബവത്കരിച്ച് ബിന്ദു ഉണ്ണി അവതരിപ്പിക്കുന്നത്.വികാസത്തിന്റെയും വികസനത്തിന്റെയും പരമോന്നതിയിൽ നിൽക്കുമ്പോഴും മനസ്സുകൊണ്ട് ശിലായുഗത്തിലെ നട്ടെല്ല് വളഞ്ഞ ആദിരൂപത്തിന്റെ പ്രവർത്തികളിലേക്ക് നമ്മൾ പിൻ നടക്കുന്നു എന്ന് കവിതയിൽ വ്യക്തമാക്കുന്നു.കവയിത്രിയെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ച വിധിയും വിശ്വാസവും ഒന്നും കവിതയിൽ ഒരു സൂചന പോലും ഇല്ല.എന്തായാലും കവിയത്രിക്ക് നന്നായി മനസിൽ തട്ടിയ എന്തും ആകാം ഈ ചിന്തയക്ക് കാരണം.
നന്മയുടെ വെളിച്ചങ്ങൾ കാണാതെ തോടിന്റെ കനത്തിൽ നഖത്തിന്റെ മൂർച്ചയിൽ ഇന്നും അഹങ്കരിച്ച് പിന്നിലെ പടുകുഴിയിലേക്ക് നടക്കുകയാണ് നമ്മൾ എന്ന് കവിത നമ്മളെ ഓർമ്മിപ്പിക്കുന്നു.ചെറുതെങ്കിലും ലളിതവും ശക്തവുമായ ഒരു സാമൂഹ്യ മാനസികാവസ്ഥയെ ജനശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചു എന്നതാണ് ഈ എഴുത്തിന്റെ മേന്മയായി ഞാൻ കാണുന്നത്.ഈ പിന്നോട്ട് നടത്തത്തെ കാലികമായ നിരവധി പ്രശ്നങ്ങളുമായി കൂട്ടി വായിക്കാൻ വായനക്കാരന് അവസരം നൽകുന്നു ബിന്ദു.നന്മ എവിടെയോ ഇത്തിരി ദൂരത്താണെങ്കിലും മുന്നിലുണ്ടെന്ന ബോധം നമ്മുടെ ഉള്ളിലുണർത്താനും ഈ രചനയ്ക്ക് സാധിച്ചിട്ടുണ്ട്‌.
അനാവശ്യമായ ഒരു വാക്കും വരിയുമില്ലാത്ത എഴുത്തിൽ പ്രതിഷേധവും ആകുലതകളും നിസഹായ മൗനവും വിമർശനവും രോഷവും ഒക്കെ അടക്കിവെച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു വിഷയത്തെ പ്രത്യക്ഷമായോ പരോക്ഷമായോ പരാമർശിക്കാതെ ഒരു അവസ്ഥ മാത്രമായി വിഷയത്തെ മാറ്റി നിർത്തിയ ഒരു തന്ത്രം കൂടി രചനയിൽ ഉണ്ട്.വായിക്കുന്നവർക്ക് വിഷയം എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.അത് സമ്മതിക്കുന്നവരുണ്ടാകും,പ്രതിഷേധ സ്വരത്തിൽ വിമർശിക്കുന്നവരുണ്ടാകും, ഭാഗികമായി ചിലതൊക്കെ ന്യായീകരിക്കുന്നവരുണ്ടാകും.ഒരു വാദമുഖങ്ങളോടും തർക്കിക്കാനില്ലെന്ന കവയിത്രിയുടെ ഭാവം കൂടി ഈ വരികളിൽ പ്രകടമാണ്.
ശ്രദ്ധേയമായ ഒരു ചിന്തയ്ക്ക് അതിലൂടെ ഒരു നല്ല ചർച്ചയ്ക്ക് തുടക്കമിടുന്ന ഈ സൂചന തന്നെയാണ് ഈ കവിതയുടെ വരികളിലൂടെ ഒന്ന് യാത്ര ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നത്.ഇനി മുന്നോട്ട് പോയില്ല എങ്കിലും നിൽക്കുന്നിടത്തുതന്നെ നിൽക്കാൻ നമ്മളെ ഈ വരികൾ പ്രേരിപ്പിക്കുന്നു എങ്കിൽ ബിന്ദു ഉണ്ണിയുടെ ഈ ചെറിയ ശബ്ദം നാളെ ഇടിമുഴക്കമായി മാറും എന്നത് ഉറപ്പാണ്.
ബിന്ദുവിന്‍റെ കവിത.
------------------------------------
ഞണ്ടുകളാണു നാം
നന്മയുടെ
വെളിച്ചങ്ങളെ
അവഗണിച്ച്
പിന്നോട്ടു നടക്കുന്ന
ഞണ്ടുകൾ
കൂർത്ത നഖങ്ങളിൽ
മുന്നോട്ട്
എന്നെഴുതിയ
ചൂണ്ടുപലകയുമായി
പിന്നോട്ടു മാത്രം
നടക്കുന്ന ഭ്രാന്തൻ
ഞണ്ടുകൾ
പുറം തോടിൻെറ
കനത്തിൽ,
നഖങ്ങളുടെ
മൂർച്ചയിൽ,
അഹങ്കരിച്ച് ഏതോ
പടുകുഴി തേടി
പിന്നോട്ടു നീങ്ങുന്ന
പൊട്ട ഞണ്ടുകൾ
ബിന്ദുഉണ്ണി

Post a comment

0 Comments